'വാ വാ വീര' ; ആവേശമായി രാംചരൺ ചിത്രത്തിലെ ഗാനം

'വാ വാ വീര' ; ആവേശമായി രാംചരൺ ചിത്രത്തിലെ ഗാനം

Share
Aiswarya

By Aiswarya

08:06 AM
March 3, 2026
Like1
Comment0

തെലുഗു സൂപ്പർ താരം രാം ചരണിനെ നായകനാക്കി ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘പെദ്ധി’യിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘വാ വാ വീര’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ മലയാളം പതിപ്പാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. സംഗീത മാന്ത്രികൻ എ.ആർ. റഹ്മാൻ ഈണം നൽകിയ ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു. രാംചരണിന്റെ ഡാൻസ് സ്റ്റെപ്പുകളാണ് പുറത്തുവന്ന ഗാനത്തിലെ പ്രധാന ആകർഷണം.

സിജു തുറവൂർ വരികളെഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് ജിതിൻ രാജ് ആണ്. ചിത്രത്തിലെ രാം ചരണിന്റെ മാസ് പ്രകടനവും റഹ്മാന്റെ ഉശിരൻ സംഗീതവും കോർത്തിണക്കിയ ഗാനം ആരാധകർക്ക് വലിയൊരു ദൃശ്യവിരുന്നാണ് സമ്മാനിക്കുന്നത്. ജാൻവി കപൂറാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ‘ചികിരി ചികിരി’ എന്ന ഗാനം ആഗോളതലത്തിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ആർ.ആർ.ആറിന് ശേഷം രാം ചരണിന്റേതായി എത്തുന്ന ബിഗ് ബജറ്റ് ചിത്രങ്ങളിൽ ഒന്നാണ് പെദ്ധി. കന്നഡ സൂപ്പർ താരം ശിവരാജ് കുമാറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. രാം ചരണും ശിവരാജ് കുമാറും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത് എന്ന പ്രത്യേകതയുമുണ്ട്.

ഉയർന്ന ബജറ്റിലെത്തുന്ന ഈ പാൻ ഇന്ത്യൻ ചിത്രം 2026 ഏപ്രിൽ 30-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. ജഗപതി ബാബു, ദിവ്യേന്ദു ശർമ്മ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിങ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വീര്യം നിറഞ്ഞ ഒരു ഗ്രാമീണ സ്പോർട്സ് ഡ്രാമയാണ് പെദ്ധി എന്ന് നേരത്തെ സൂചനകൾ ഉണ്ടായിരുന്നു. പുതിയ ഗാനം കൂടി എത്തിയതോടെ ചിത്രത്തെക്കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷകൾ ഇരട്ടിയായിരിക്കുകയാണ്.

പെദ്ധിയിലെ ഗാനം കാണാം : Vaa Vaa Veeraa Song (Malayalam)

Comments

Loading comments...

Fanbella Logo
Open app