സിനിമ കാത്തുസൂക്ഷിച്ച ഒരു 'മാസ്റ്റർ' പീസ്
By Vishnu
കേരളത്തിന്റെ ഇടനാഴികളിൽ പണ്ട് കേട്ടുതുടങ്ങിയ, വിശ്വസിക്കാൻ പ്രയാസമുള്ള ആ കഥ ഇപ്പോഴും ഓർമ്മയുണ്ട്. ഒരു തമിഴ് പയ്യന്റെ സിനിമ നൂറു ദിവസം പിന്നിടുന്നു. തമിഴ്‌നാട്ടിലല്ല, ഇവിടെ കേരളത്തിൽ. തുള്ളാത മനവും തുള്ളും. പലർക്കും 'വിജയ്' എന്ന പേര് ഭാഷയ്ക്കപ്പുറം വളർന്നു തുടങ്ങിയത് അപ്പോഴാണ്. അതൊരു താരപ്പകിട്ടായിരുന്നില്ല, ഒരു വികാരമായിരുന്നു. ബഹളങ്ങളില്ലാത്ത പ്രണയവും, പരാതികളില്ലാത്ത നിഷ്കളങ്കതയും പേറുന്ന ഒരു പയ്യൻ മുഖം. ആ സിനിമ നിശബ്ദമായി അതിർത്തികൾ കടന്നുവന്നു, ആരും പ്രതീക്ഷിച്ചതിലും അധികകാലം നമ്മുടെ ഹൃദയത്തിൽ തങ്ങിനിന്നു. തിരിഞ്ഞു നോക്കുമ്പോൾ, അന്ന് നാം തിരിച്ചറിയാതെ പോയ ഒരു പ്രവചനമായിരുന്നു ആ സിനിമ.
പിന്നീട് ആ അടക്കംപറച്ചിലുകൾ അവിശ്വാസത്തിന് വഴിമാറിയ നിമിഷം. രജനികാന്ത് എന്ന കൊടുങ്കാറ്റ് വീശിയടിക്കുന്ന, റെക്കോർഡുകൾ തൊട്ടുതീണ്ടാൻ ആവാത്ത വിശുദ്ധിയോടെ കാത്തുസൂക്ഷിച്ചിരുന്ന ഒരു കാലത്ത്, ഗില്ലിയുമായി വിജയ് വന്നു. ഇൻഡസ്ട്രി ഹിറ്റുകൾ തകർന്നു. വിള്ളലുകൾ വീഴുകയല്ല, യാഥാർഥ്യത്തിൽ തകരുകയായിരുന്നു. തമിഴ് സിനിമയെ പുറത്തുനിന്നു നോക്കിക്കണ്ടവർക്ക് അത് പുതിയൊരു തിരിച്ചറിവായിരുന്നു. സിനിമയുടെ അച്ചുതണ്ട് മാറുകയായിരുന്നു. അത് അഹങ്കാരത്തോടെയോ വലിയ പ്രഖ്യാപനങ്ങളോടെയോ ആയിരുന്നില്ല, മറിച്ച് വേഗതകൊണ്ടും വിയർപ്പുകൊണ്ടും മാസ്സ് നിമിഷങ്ങളെപ്പോലും വ്യക്തിപരമായി തോന്നിപ്പിക്കുന്ന ഒരുതരം ആത്മാർത്ഥത കൊണ്ടുമായിരുന്നു.
പോക്കിരി വന്നതോടെ ആ സിംഹാസനം ഉറപ്പിക്കപ്പെട്ടു. റെക്കോർഡുകൾ വീണ്ടും തകർന്നു, അതിലുപരി എതിർപ്പുകൾ ഇല്ലാതായി. അപ്പോഴേക്കും വിജയ് വെറുമൊരു നടനായിരുന്നില്ല, ജനങ്ങൾ കീഴടങ്ങിയ ഒരു അനുഭവമായി മാറിയിരുന്നു. തിയേറ്ററുകളിലെ ആവേശം, വീണ്ടും വീണ്ടും കാണാനുള്ള വെമ്പൽ, സംഭാഷണങ്ങൾ ദൈനംദിന ജീവിതത്തിന്റെ ഭാഗമാകുന്നു. എന്നാൽ ഈ വിജയഗാഥയ്ക്ക് പിന്നിൽ ആഘോഷിക്കപ്പെടാത്ത മറ്റൊരു വശമുണ്ടായിരുന്നു.
അദ്ദേഹം ചുമലിലേറ്റിയ ഭാരത്തിന്റെ ആഴം പലരും വൈകിയാണ് തിരിച്ചറിഞ്ഞത്. അച്ഛൻ വഴിയാണ് സിനിമയിലെത്തിയത് എന്നത് സത്യമാണ്, അതിന് പ്രാധാന്യവുമുണ്ട്. പക്ഷേ തമിഴ് സിനിമയിലെ നെപോട്ടിസത്തിനു മറ്റൊരു ക്രൂരമുഖമുണ്ട്. കുടുംബപ്പേര് വീഴ്ചകളുടെ ആഘാതം കുറയ്ക്കുന്ന മറ്റു സിനിമാലോകങ്ങളിൽ നിന്ന് വ്യത്യസ്തമായി, തമിഴ് സിനിമ ബലഹീനതകളോട് ഒരിക്കലും കരുണ കാണിച്ചിട്ടില്ല. വിജയ് ക്രൂരമായി പരിഹസിക്കപ്പെട്ടു. അദ്ദേഹത്തിന്റെ നിറം, രൂപം, ശരീരം, ശബ്ദം, എല്ലാം വിമർശിക്കപ്പെട്ടു. പിൻബലമില്ലാതെ വന്നവർ പോലും അദ്ദേഹത്തേക്കാൾ വേഗത്തിൽ ഇവിടെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അവിടെ കുടുംബപ്പേര് ഒരു സംരക്ഷണമല്ലായിരുന്നു, പകരം കൂടുതൽ നിശിതമായി നിരീക്ഷിക്കപ്പെടാനും, ക്രൂരമായി വിചാരണ ചെയ്യപ്പെടാനും, പരസ്യമായി പരിഹസിക്കപ്പെടാനുമുള്ള കാരണമായിരുന്നു.
സത്യം പറഞ്ഞാൽ വിജയിയെപ്പോലെ ട്രോൾ ചെയ്യപ്പെട്ട മറ്റൊരു നടൻ ആ തലമുറയിൽ ഇല്ല. സോഷ്യൽ മീഡിയ ഇന്നത്തെപ്പോലെ വളരുന്നതിനും മുൻപേ, അദ്ദേഹത്തെ തകർക്കാൻ മാത്രമായി കൂട്ടായ്മകൾ ഉണ്ടായിരുന്നു. പിന്നീട് ഫേസ്ബുക്കിലെ 'FFC' പോലുള്ള പേജുകൾ ആ പരിഹാസത്തെ ഒരു നിത്യശീലമാക്കി മാറ്റി. ഓരോ പിഴവും പർവ്വതീകരിക്കപ്പെട്ടു, ഓരോ പരാജയവും ആഘോഷിക്കപ്പെട്ടു. ബോഡി ഷെയിമിങ്ങിന്റെ നെല്ലിപലക നമ്മളെല്ലാവരും കണ്ടത് വിജയിയെ പരിഹസിച്ചതിലാണ്. എന്നിട്ടും അസാധാരണമായ ഒന്ന് സംഭവിച്ചു. അദ്ദേഹം തകർന്നുപോയില്ല. കയ്പേറിയ അനുഭവങ്ങൾ അദ്ദേഹത്തെ ഒരു കഠിനഹൃദയനാക്കിയില്ല. "എന്നെ വെറുക്കുന്നവരാണ് എന്നെ വളർത്തിയത്" എന്ന പതിവ് സിനിമാ ശൈലിയല്ല അദ്ദേഹം സ്വീകരിച്ചത്.
പകരം വിജയ് പറഞ്ഞത് അപൂർവ്വമായ ഒന്നായിരുന്നു:
"എന്നെ സ്നേഹിക്കുന്നവരാണ് എന്നെ പിടിച്ച് നിർത്തിയത്."
ആ ഒരൊറ്റ ചിന്ത എല്ലാം മാറ്റിമറിച്ചു. ഒരു സിനിമ പരാജയപ്പെടുമ്പോഴും ആരാധകർ അദ്ദേഹത്തെ കൈവിടാത്തത് എന്തുകൊണ്ടെന്ന് അത് വ്യക്തമാക്കി. കാരണം ആ ബന്ധം ഒരിക്കലും ഒരു സ്റ്റാർ-ഹൂമൻ ഏർപ്പാട് ആയിരുന്നില്ല. വിജയ് തന്റെ പ്രേക്ഷകർക്ക് മുകളിൽ നിന്ന് ഒരിക്കലും സംസാരിച്ചില്ല. അദ്ദേഹം അവർക്കിടയിൽ ഒരാളായി നിന്നു. ഓരോ ആരാധകനും വിജയിയിൽ സ്വന്തം പ്രതിബിംബം കണ്ടു.
അപ്രാപ്യനായ ഒരു താരത്തെയല്ല, മറിച്ച് സംശയിക്കപ്പെട്ട ഒരു ബാലനെ, പരിഹസിക്കപ്പെട്ട ഒരു മനുഷ്യനെ, എന്തുവന്നാലും തളരാതെ മുന്നോട്ട് വന്ന ജേഷ്ഠനെയാണ് അവർ കണ്ടത്.
അതുകൊണ്ടാണ് അദ്ദേഹത്തിന്റെ താരപദവി വ്യത്യസ്തമാകുന്നത്. മറ്റു താരങ്ങൾ പരാജയപ്പെടുമ്പോൾ ആരാധകർക്ക് വഞ്ചിക്കപ്പെട്ടതായി തോന്നും. എന്നാൽ വിജയ് പരാജയപ്പെടുമ്പോൾ, ആരാധകർക്കും അത് സ്വന്തം മുറിവായി അനുഭവപ്പെടും. കാരണം അദ്ദേഹത്തിന്റെ വിജയങ്ങളും പരാജയങ്ങളും എന്നും പങ്കുവെക്കപ്പെട്ടവയായിരുന്നു. അത്തരമൊരു ബന്ധം കൃത്രിമമായി ഉണ്ടാക്കിയെടുക്കാൻ കഴിയില്ല. അത് അനുഭവിച്ചുതന്നെ അറിയണം.
അങ്ങനെ സിനിമ തന്നെ ഒന്ന് ശ്വാസമെടുക്കാൻ പാടുപെട്ട ഒരു നിമിഷം കടന്നുവന്നു. കൊറോണ താണ്ഡവമാടിയപ്പോൾ തിയേറ്ററുകൾ വംശനാശത്തിന്റെ വക്കിലായിരുന്നു. ഇന്ത്യയിൽ ഒടിടി പ്ലാറ്റ്‌ഫോമുകൾ വിജയിച്ചുവെന്നും വലിയ സ്‌ക്രീനുകൾ വെറും ഓർമ്മയായി മാറുമെന്നും രാജ്യമൊട്ടാകെ ഒരു കൂട്ടായ സംസാരമുണ്ടായി. നിർമ്മാതാക്കൾ തിടുക്കപ്പെട്ട് തങ്ങളുടെ സിനിമകൾ പ്ലാറ്റ്‌ഫോമുകൾക്ക് വിറ്റു. ഭയം ഒരു യുക്തിയായി മാറി.
ആ നിശബ്ദതയിൽ, ഒരാൾ മാത്രം ചെറുത്തുനിൽക്കാൻ തീരുമാനിച്ചു. തന്റെ ചിത്രമായ മാസ്റ്റർ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പിന്നെയാകാം എന്നല്ല, നിബന്ധനകളോടെ എന്നല്ല, തിയേറ്ററിൽ തന്നെ!
അമ്പത് ശതമാനം സീറ്റുകളിൽ മാത്രമേ പ്രവേശനം പാടുള്ളൂ എന്ന കർശനമായ ഉത്തരവിനിടയിലും ആ സിനിമ അത്ഭുതങ്ങൾ സൃഷ്ടിച്ചു. സീറ്റുകൾ പരിമിതമായിരുന്നു, പക്ഷേ ആരാധകരുടെ വിശ്വാസത്തിന് അതിരുകളില്ലായിരുന്നു. എന്തിനെയെങ്കിലും രക്ഷിക്കുന്ന പ്ലോട്ടുകൾ മാത്രം ചെയ്യുന്നതിന്റെ പേരിൽ "രക്ഷകൻ" എന്ന് വിളിച്ച് അദ്ദേഹത്തെ പരിഹസിച്ചവർക്ക് ലഭിച്ച യഥാർത്ഥ ജീവിതത്തിലെ മറുപടിയായിരുന്നു അത്.
പ്രസംഗങ്ങളോ മുദ്രാവാക്യങ്ങളോ ഇല്ലാതെ, നമുക്കെല്ലാവർക്കും പ്രിയപ്പെട്ട ഒന്നിനെ അദ്ദേഹം അന്ന് രക്ഷിച്ചെടുത്തു.
തിയേറ്ററുകളെ.
സിനിമയുടെ ആ കൂട്ടായ ഹൃദയമിടിപ്പിനെ.
അതൊരു തിരക്കഥയിലെ നിമിഷമായിരുന്നില്ല. അത് വിജയ്, വിജയ് ആയി നിന്ന നിമിഷമായിരുന്നു.
ഇപ്പോൾ നമ്മൾ ഒരു വൈകാരികമായ വിടവാങ്ങലിന്റെ അരികിലാണ് നിൽക്കുന്നത്. പുലർച്ചെയുള്ള ഫാൻഷോകൾക്ക് ഇനി വിട. പാലഭിഷേകങ്ങൾക്ക് വിട. സിനിമയേക്കാൾ വലിയ ഉത്സവമായി മാറിയിരുന്ന തിയേറ്ററിലെ പ്രായഭേദമന്യേയുള്ള നൃത്തങ്ങൾക്ക് വിട. സിനിമ റിലീസുകൾ ജീവിതത്തിലെ നാഴികക്കല്ലുകളായിരുന്ന ആ കാലഘട്ടത്തിനും വിട.
അദ്ദേഹം തിരിച്ചുവരുമെന്നാണ് ആളുകൾ പറയുന്നത്. രാഷ്ട്രീയത്തിൽ അദ്ദേഹം തലകുനിക്കുമെന്നും പരാജയം അദ്ദേഹത്തെ സിനിമയിലേക്ക് തന്നെ മടക്കി അയക്കുമെന്നും അവർ പറയുന്നു. എന്നാൽ അഹങ്കാരങ്ങളെ തിരുത്താൻ ഓർമ്മകൾക്ക് ഒരു കഴിവുണ്ട്. പണ്ട് ഒരു കാലത്ത്,
"ഈ മുഖം കാണാനൊക്കെ ആളുകൾ തിയേറ്ററിൽ വരുമോ?"
എന്ന് ചോദിച്ചവർ ഉണ്ടായിരുന്നു. ആ ചോദ്യത്തിനുള്ള ഉത്തരം ചരിത്രം നേരത്തെ നൽകിക്കഴിഞ്ഞു.
പുറത്താക്കപ്പെട്ടതുകൊണ്ടല്ല വിജയ് പടിയിറങ്ങുന്നത്. ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോഴാണ് അദ്ദേഹം സ്വയം മാറിനിൽക്കുന്നത്. അതിന് വലിയ പ്രസക്തിയുണ്ട്. ചരിത്രം എന്നും ഓർക്കുന്നത് ബഹളങ്ങളെയല്ല, കൃത്യമായ സമയത്തെയാണ്.
സിനിമകൾക്ക് നന്ദി. തളരാത്ത മനസ്സിന് നന്ദി. സ്നേഹത്തെ മുറുകെപ്പിടിച്ചുകൊണ്ട് എങ്ങനെ വെറുപ്പിനെ അതിജീവിക്കാം എന്ന് ഒരു തലമുറയെ പഠിപ്പിച്ചതിന് നന്ദി.
ഒരു യുഗത്തിന് വിട.
നന്ദി. പരിഹസിക്കപ്പെട്ടാലും കലാസ്വാതന്ത്രത്തിന്റെ പേരിൽ കൂറ് മാറാതെ നല്ലതിനെ മാത്രം ചേർത്ത് പിടിച്ച രക്ഷകനായതിന്..
എല്ലാറ്റിനും മുകളിൽ ഫാൻ എന്ന വാക്കിന് പറഞ്ഞറിയിക്കാൻ പറ്റാത്ത വിധം സ്നേഹം കൊടുത്തതിന്, മര്യാദ കൊടുത്തതിന്, ഊർജം കൊടുത്തതിന്..
എന്നും ഒരുപാട് നന്ദിയോടെ...ഫാൻബെല്ല.

Comments
Loading comments...
Comments
Loading comments...