ഫിലിംഫെയർ സൗത്ത് ആദ്യമായി കേരളത്തിൽ ; പരിപാടി നടക്കുന്നത് കേരള ടൂറിസത്തിന്റെ സഹകരണത്തോടെ

ഫിലിംഫെയർ സൗത്ത് ആദ്യമായി കേരളത്തിൽ ; പരിപാടി നടക്കുന്നത് കേരള ടൂറിസത്തിന്റെ സഹകരണത്തോടെ

Share
Aiswarya

By Aiswarya

07:00 AM
February 13, 2026
Like2
Comment0

കേരളത്തിൽ ആദ്യമായി ഫിലിംഫെയർ അവാർഡ്‌സ് നടക്കുന്നു. 70ആമത് ഫിലിംഫെയർ സൗത്ത് അവാർഡ്‌സാണ് കേരളത്തിൽ വെച്ച് നടക്കുന്നത്. പുരസ്കാരത്തിനായുള്ള നാമനിർദേശങ്ങൾ പ്രഖ്യാപിച്ചു.

കേരളാ ടൂറിസവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പുരസ്‌കാര ചടങ്ങുകൾ 2026 ഫെബ്രുവരി 21-ന് കറുകുറ്റി അഡ്‌ലക്‌സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ 2024-ൽ പുറത്തിറങ്ങിയ സിനിമകളിലെ മികച്ച പ്രകടനങ്ങളെയും സാങ്കേതിക മികവിനെയുമാണ് ഈ പുരസ്‌കാരങ്ങൾ വഴി ആദരിക്കുന്നത്.

കേരളം സിനിമയ്ക്കും ടൂറിസത്തിനും ഒരുപോലെ മികച്ച വേദിയാണെന്ന് തെളിയിക്കുന്നതാണ് ഈ രാജ്യാന്തര ചടങ്ങെന്ന് കേരള ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു.

മലയാളത്തിൽ ബ്ലെസി ചിത്രം 'ആടുജീവിതം' എട്ട് വിഭാഗങ്ങളിൽ നാമനിർദ്ദേശം നേടി മുൻപന്തിയിൽ നിൽക്കുന്നു. മികച്ച ചിത്രത്തിനുള്ള പട്ടികയിൽ 'ആട്ടം', 'ആവേശം', 'ഭ്രമയുഗം', 'മഞ്ഞുമ്മൽ ബോയ്‌സ്', 'ആടുജീവിതം', 'പ്രേമലു', 'ഉള്ളൊഴുക്ക്', 'കിഷ്‌കിന്ദാ കാണ്ഡം', 'പ്രഭായായ് നിനച്ചതെല്ലാം' എന്നീ ചിത്രങ്ങൾ തമ്മിലാണ് പ്രധാന മത്സരം.

മികച്ച നടൻ വിഭാഗത്തിൽ മമ്മൂട്ടി, ഫഹദ് ഫാസിൽ, പൃഥ്വിരാജ്, ടൊവിനോ തോമസ്, ആസിഫ് അലി, ബേസിൽ ജോസഫ് എന്നിവരും, മികച്ച നടി വിഭാഗത്തിൽ മമിത ബൈജു, പാർവതി തിരുവോത്ത്, ഉർവശി, നസ്രിയ, ദിവ്യ പ്രഭ, കനി കുസൃതി, സെറിൻ ഷിഹാബ് എന്നിവരും നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.

തമിഴ് സിനിമാ വിഭാഗത്തിൽ പത്ത് നാമനിർദ്ദേശങ്ങളുമായി ശിവകാർത്തികേയൻ ചിത്രം 'അമരൻ' ആണ് മുന്നിൽ. 'ലബ്ബർ പന്ത്', 'മെയ്യഴഗൻ' എന്നീ ചിത്രങ്ങളും ശക്തമായ സാന്നിധ്യമായി പട്ടികയിലുണ്ട്. മികച്ച നടനായി വിക്രം, ധനുഷ്, വിജയ് സേതുപതി, അരവിന്ദ് സ്വാമി, ശിവകാർത്തികേയൻ എന്നിവരും, മികച്ച നടിക്കുള്ള പുരസ്‌കാരത്തിനായി സായി പല്ലവി, കീർത്തി സുരേഷ്, അന്ന ബെൻ, സിമ്രൻ, ശ്രീ ഗൗരി പ്രിയ, ഉർവശി എന്നിവരും മത്സരിക്കുന്നു.

തെലുങ്കിൽ 'പുഷ്പ 2: ദി റൂൾ', 'ലക്കി ഭാസ്‌കർ', 'ഹനു-മാൻ' എന്നീ ചിത്രങ്ങൾ ഏഴ് വീതം നാമനിർദ്ദേശങ്ങളുമായി കിരീടപ്പോരാട്ടത്തിലുണ്ട്. അല്ലു അർജുൻ, ദുൽഖർ സൽമാൻ, ജൂനിയർ എൻടിആർ, നാനി എന്നിവരാണ് മികച്ച നടന്മാരുടെ പട്ടികയിലുള്ളത്. 'കൽക്കി 2898 എഡി'യിലെ പ്രകടനത്തിലൂടെ അമിതാഭ് ബച്ചൻ മികച്ച സഹനടനുള്ള നാമനിർദ്ദേശം നേടിയത് തെലുങ്ക് സിനിമയിൽ ശ്രദ്ധേയമായി.‍

കന്നഡ സിനിമാ വിഭാഗത്തിൽ 'കൃഷ്ണം പ്രണയ സഖി'യാണ് ഏറ്റവും കൂടുതൽ നാമനിർദ്ദേശങ്ങൾ നേടിയ ചിത്രം. 'ഭീമ', 'ബ്ലിങ്ക്', 'ബഘീര', 'ഹദിനെന്തു', 'ശാഖാഹാരി' എന്നീ സിനിമകളും മികച്ച ചിത്രത്തിനുള്ള മത്സരത്തിനുണ്ട്. മികച്ച നടൻ വിഭാഗത്തിൽ കന്നഡയിലെ മുൻനിര താരങ്ങളായ ശിവരാജ്കുമാർ, സുധീപ്, ദുനിയ വിജയ് എന്നിവർ ഇടം നേടിയിട്ടുണ്ട്.

Comments

Loading comments...

Fanbella Logo
Open app