ഇനി വരുന്നത് പെൺകുട്ടികളുടെ കഥ ;  'വാഴ 3: ബയോപിക് ഓഫ് ബില്യൺ ഗേൾസ്' പ്രഖ്യാപിച്ചു

ഇനി വരുന്നത് പെൺകുട്ടികളുടെ കഥ ; 'വാഴ 3: ബയോപിക് ഓഫ് ബില്യൺ ഗേൾസ്' പ്രഖ്യാപിച്ചു

Share
Aiswarya

By Aiswarya

12:00 AM
April 14, 2026
Like4
Comment0

മലയാള സിനിമയിൽ വലിയ തരംഗമുണ്ടാക്കിയ 'വാഴ' ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആദ്യ രണ്ട് ഭാഗങ്ങളും ആൺകുട്ടികളുടെ കഥയും സൗഹൃദവും പറഞ്ഞപ്പോൾ, 'വാഴ 3' പെൺകുട്ടികളുടെ ജീവിതവും അനുഭവങ്ങളുമാണ് പറയുന്നത്. 'ബയോപിക് ഓഫ് ബില്യൺ ഗേൾസ്' എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ.

ആദ്യ രണ്ട് ഭാഗങ്ങളുടെയും രചയിതാവും സഹനിർമ്മാതാവുമായ വിപിൻ ദാസ് തന്നെയാണ് മൂന്നാം ഭാഗത്തിന്റെയും തിരക്കഥ ഒരുക്കുന്നത്. ഫ്രാഞ്ചൈസിയുടെ പതിവ് രീതി അനുസരിച്ച് ഓരോ ഭാഗവും ഓരോ സംവിധായകരാണ് കൈകാര്യം ചെയ്യുന്നത്. 'വാഴ 3' സംവിധാനം ചെയ്യുന്നത് നവാഗതനായ വിശ്വൻ ശ്രീജിത്താണ്. വിപിൻ ദാസിനൊപ്പം ദീർഘകാലം സഹസംവിധായകനായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് വിശ്വൻ.

ബോക്സ് ഓഫീസിൽ 100 കോടി ക്ലബ്ബിൽ ഇടം നേടിയ 'വാഴ 2' വിന്റെ വമ്പിച്ച വിജയത്തിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം എത്തിയിരിക്കുന്നത്. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഈ ഫ്രാഞ്ചൈസി മൂന്നാം ഭാഗത്തിലും ആ നയം തുടരും. പുതിയ ചിത്രത്തിനായി കാസ്റ്റിംഗ് കോളുകൾ ഉടൻ ഉണ്ടാകുമെന്നും വിപിൻ ദാസ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഏപ്രിൽ രണ്ടിന് പുറത്തിറങ്ങിയ രണ്ടാം ഭാഗം തിയറ്ററുകളിൽ നിറഞ്ഞോടുമ്പോഴാണ് ആരാധകരെ ആവേശത്തിലാഴ്ത്തി മൂന്നാം ഭാഗത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടത്.

വിപിൻ ദാസിനൊപ്പം ഹാരിസ് ദേശം, പി.ബി. അനീഷ് തുടങ്ങിയവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 'വാഴ' ഫ്രാഞ്ചൈസി ഇനിയും തുടരുമെന്നും വൈവിധ്യമാർന്ന പ്രമേയങ്ങളുമായി കൂടുതൽ ഭാഗങ്ങൾ പ്രതീക്ഷിക്കാമെന്നും അണിയറപ്രവർത്തകർ സൂചന നൽകുന്നു. 2027 ഓടെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്. പെൺകുട്ടികളുടെ 'വാഴ' വിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ.

Comments

Loading comments...

Fanbella Logo
Open app